സഭ വിലക്കി; തമ്പി കാക്കനാടന്റെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു
http://www.mathrubhumi.com/online/malayalam/news/story/1105264/2011-08-12/kerala
Posted on: 12 Aug 2011
കൊല്ലം: കഴിഞ്ഞദിവസം അന്തരിച്ച പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പ്രമുഖ കഥാകാരന്‍ കാക്കനാടന്റെ സഹോദരനുമായ തമ്പി കാക്കനാടന്റെ മൃതദേഹം സമൂഹത്തിന്റെ നാനാതുറകളിലുംപെട്ട നൂറുകണക്കിനു ജനങ്ങളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
സഭയുടെ അനുമതി കിട്ടാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മാര്‍ത്തോമ്മ സഭാകല്ലറയില്‍ സംസ്‌കരിക്കാനായില്ല. പകരം പള്ളി സെമിത്തേരിക്കു സമീപമുള്ള പോളയത്തോട്ടിലെ ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. തമ്പി കാക്കനാടനെപ്പോലെ ബഹുമുഖ പ്രതിഭയായ ഒരു വ്യക്തിയുടെ മൃതദേഹം സഭാകല്ലറയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കാത്ത സഭയുടെ നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കി. തമ്പി കാക്കനാടന്റെ അച്ഛന്‍ ജോര്‍ജ്ജ് കാക്കനാടന്‍ സാമൂഹിക പ്രവര്‍ത്തകനും സഭയുടെ സുവിശേഷകരില്‍ ഒരാളുമായിരുന്നു. 1957-ല്‍ ഇ.എം.എസ്.മന്ത്രിസഭയുട കാലത്ത് ജോര്‍ജ്ജ് കാക്കനാടന്റെ സ്വാധീനം ഉപയോഗിച്ചാണ് മാര്‍ത്തോമ്മ സഭയ്ക്ക് കല്ലറ സ്ഥാപിക്കാന്‍ കൊല്ലത്ത് സ്ഥലം ലഭ്യമാക്കിയത്.
തമ്പി കാക്കനാടന്റെ ഇളയസഹോദരന്‍ ചിത്രകാരനും സഞ്ചാരസാഹിത്യകാരനുമായ രാജന്‍ കാക്കനാടന്‍ മരിച്ചപ്പോഴും മാര്‍ത്തോമ്മ കല്ലറയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനോട് സഭാനേതൃത്വം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. പിന്നീട് അവര്‍ ആ തീരുമാനം മാറ്റി. മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നല്‍കി. ഇക്കുറി തീരുമാനത്തില്‍ അയവു വരുത്താന്‍ സഭാനേതൃത്വം തയ്യാറായില്ല. തമ്പിയുടെ മൃതദേഹം കല്ലറയില്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ സഭയുടെ കൊല്ലത്തെ നേതൃത്വത്തിന് എതിര്‍പ്പില്ലായിരുന്നെന്ന് ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍, തിരുവനന്തപുരത്ത് സഭയുടെ ഉന്നത നേതൃത്വമാണ് അനുമതി നിഷേധിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സഭയുടെ വിശ്വാസപ്രമാണങ്ങളില്‍നിന്ന് വേറിട്ടു സഞ്ചരിക്കുന്നവരും സഭയില്‍ അംഗമല്ലാത്തവരുമായതിനാലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതെന്ന് ഉന്നത നേതൃത്വം കാരണം പറഞ്ഞതായും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.
സ്വകാര്യ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തമ്പി കാക്കനാടന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ കാക്കനാടന്റെ വസതിയായ 'അര്‍ച്ചന'യില്‍ പൊതുദര്‍ശനത്തിനു വച്ചു. സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര, രാഷ്ട്രീയ, സാഹിത്യ, മാധ്യമ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ എത്തി. നിരവധി സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുംവേണ്ടി മൃതദേഹത്തില്‍ റീത്തുകള്‍ വച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം പോളയത്തോട് പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോയി.
No comments:
Post a Comment